ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
ഓഡിറ്റ് റിപ്പോർട്ട് 2022-23

ഓഡിറ്റ് റിപ്പോർട്ട് 2022-23

 

എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ അന്തിമ ഓഡിറ്റ് റിപ്പോർട്ട് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ജില്ലാ ഓഡിറ്റ് കാര്യാലയം പുറപ്പെടുവിച്ചിരിക്കുന്നു. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു എസ്. നായരുടെ മേൽനോട്ടത്തിൽ ഓഡിറ്റ് ഓഫീസർ അരുൺ മാത്യു, അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജോസഫ് ജോർജ്ജ്, സീനിയർ ഗ്രേഡ് ഓഡിറ്റർ വിജു എം.എസ്, ഓഡിറ്റർ സ്വപ്ന വി എന്നിവരടങ്ങുന്ന സംഘമാണ് 15-11-2023 മുതൽ 22-11-2023 വരെയുള്ള കാലയളവിൽ ഈ പരിശോധന നടത്തിയത്. ഈ സാമ്പത്തിക വർഷത്തിൽ ശ്രീമതി സീമാ സിബി പ്രസിഡന്റായും, ശ്രീ എം.വി അജയകുമാറും ശ്രീമതി സുജാത എം.യുവും (ഇൻ-ചാർജ്ജ്) സെക്രട്ടറിയായും ചുമതല വഹിച്ചിരുന്നു. പഞ്ചായത്ത് കമ്മിറ്റി ഒടുവിൽ അംഗീകരിച്ച പരിഷ്കരിച്ച ബജറ്റ് പ്രകാരം വരവ് ₹14,78,28,428-ഉം ചെലവ് ₹14,56,60,867-ഉം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത്, യഥാർത്ഥ വാർഷിക വരവ് ₹2,78,93,132-ഉം ആകെ ചെലവ് ₹3,00,38,675-ഉം ആയിരുന്നു.

ധനകാര്യ പത്രികകളുടെ പരിശോധനയിൽ ഗുരുതരമായ അക്കൗണ്ടിംഗ് വീഴ്ചകൾ ഓഡിറ്റ് സംഘം കണ്ടെത്തിയിട്ടുണ്ട്. സിംഗിൾ എൻട്രിയൽ നിന്നും ഡബിൾ എൻട്രി അക്കൗണ്ടിംഗ് സംവിധാനത്തിലേക്ക് മാറിയ ഘട്ടത്തിൽ ആസ്തി ബാധ്യതകൾ കൃത്യമായി നിർണ്ണയിക്കുകയോ കാലികമാക്കുകയോ ചെയ്യാത്തതിനാൽ ബാലൻസ് ഷീറ്റിലെ കണക്കുകൾ കൃത്യമല്ല. കൂടാതെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയറുകൾക്ക് സ്വതന്ത്രമായ ലോഗിൻ അനുവദിച്ചിട്ടില്ലാത്തതും, ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റിലെ തുകകൾ തമ്മിൽ പൊരുത്തപ്പെടാത്തതും, വസ്തുനികുതി ഡി.സി.ബി കണക്കുകൾ സഞ്ചയ സോഫ്റ്റ്‌വെയറുമായി ഒത്തുപോകാത്തതും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഗ്രാമപഞ്ചായത്തിന്റെ തനതു വരുമാനം സമാഹരിക്കുന്നതിൽ വലിയ രീതിയിലുള്ള അനാസ്ഥയുണ്ടായതായി ഓഡിറ്റ് വിലയിരുത്തുന്നു. റിലയൻസ്, ബി.എസ്.എൻ.എൽ, റ്റി.വി.എസ് തുടങ്ങിയ വിവിധ മൊബൈൽ ടവറുകളിൽ നിന്നായി ₹4,43,778 തുക വസ്തു നികുതി കുടിശ്ശികയായി ഈടാക്കാനുണ്ട്. 'എം.ഡി ബ്രാഹ്മിൻസ് ഫുഡ്സ്' എന്ന വാണിജ്യ സ്ഥാപനത്തിന് കൃത്യമായ നിരക്കിൽ നികുതി ചുമത്താതിരുന്നതു വഴിയും, സൂര്യ ഫ്യൂവൽസ്, മാതാ ഹോട്ടൽ, ജനമൈത്രി പോളി ക്ലിനിക് ഉൾപ്പെടെയുള്ള 14 ഓളം സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും കൃത്യസമയത്ത് തൊഴിൽ നികുതി ഡിമാന്റ് ചെയ്ത് പിരിച്ചെടുക്കാത്തതു വഴിയും തനത് ഫണ്ടിലേക്ക് വരേണ്ട വലിയൊരു തുക നഷ്ടപ്പെടുത്തി. കൂടാതെ, 1989 മുതൽ തനതു ഫണ്ട് സൂക്ഷിച്ചിരിക്കുന്ന കടവൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും നിയമാനുസൃതമായ പലിശ ഈടാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരിൽ ഇ-ടെണ്ടർ ഫീസിനായി തുടങ്ങിയ അക്കൗണ്ടിലെ തുക യഥാസമയം തനതു ഫണ്ടിലേക്ക് മാറ്റാത്തതിനാൽ പലിശ നഷ്ടമുണ്ടായെന്നു മാത്രമല്ല, മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനാൽ ബാങ്ക് ചാർജ് ഇനത്തിൽ ₹9,558 നഷ്ടപ്പെടുത്തുകയും ചട്ടവിരുദ്ധമായി വ്യക്തിഗത അക്കൗണ്ടിലേക്ക് പണം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

പദ്ധതി നിർവ്വഹണത്തിലും വലിയ ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകൾക്കായുള്ള മുട്ടക്കോഴി വിതരണ പദ്ധതിയിൽ (പ്രോജക്ട് എസ്. 0095/23) സർക്കാർ മാർഗ്ഗരേഖ പ്രകാരം 50% ഗുണഭോക്തൃവിഹിതം വാങ്ങേണ്ട സ്ഥാനത്ത് 16.7% മാത്രം ഈടാക്കിയതു വഴി വികസന ഫണ്ട് പൊതുവിഭാഗത്തിന് ₹77,500-ന്റെ വ്യക്തമായ നഷ്ടം വരുത്തിവെച്ചു. പട്ടികജാതി വിഭാഗത്തിനുള്ള ഗാർഹിക സൗരവിളക്ക് വിതരണത്തിൽ അനെർട്ട് നിശ്ചയിച്ച പരമാവധി സബ്‌സിഡി പരിധി ലംഘിച്ച് അധിക തുക നൽകിയതായും കണ്ടെത്തി. ₹9,95,556 ചെലവഴിച്ച് പൈങ്ങോട്ടൂർ ടൗണിൽ നിർമ്മിച്ച വനിതാ വ്യവസായ പരിശീലന കേന്ദ്രം പൂർത്തിയായി 4 വർഷം കഴിഞ്ഞിട്ടും നാളിതുവരെ ഉപയോഗിക്കാതെ കാടുകയറി നിഷ്ക്രിയ ആസ്തിയായി കിടക്കുകയാണ്. കൂടാതെ 5-ാം വാർഡിലെ അങ്കൻവാടി കെട്ടിടത്തിന് മുകളിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് 17 മാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് കുട്ടികളുടെ ജീവന് ഭീഷണിയാണെന്നും റിപ്പോർട്ട് വിമർശിക്കുന്നു.

ഈ ഓഡിറ്റിലൂടെ ആകെ വരവിനങ്ങളിൽ ₹4,092-ന്റെ നഷ്ടവും ചെലവിനങ്ങളിൽ അംഗീകരിക്കാനാകാത്ത ₹77,500-ന്റെ നഷ്ടവും രേഖപ്പെടുത്തിയിട്ടുണ്ട്; കൂടാതെ വിനിയോഗ സാക്ഷ്യപത്രങ്ങൾ ലഭ്യമാക്കാത്തതിനാൽ ₹66,000 തുക ഓഡിറ്റിൽ തടസ്സപ്പെടുത്തിയിരിക്കുകയാണ്. പെർമിറ്റ് ഫീസും തൊഴിൽ നികുതിയും കുറച്ചീടാക്കിയതിനും വിവിധ സാക്ഷ്യപത്രങ്ങൾ ഹാജരാക്കാത്തതിനും സെക്രട്ടറി എം.വി അജയകുമാറിനെയും, കോഴി വിതരണത്തിലെ നഷ്ടത്തിന് വെറ്ററിനറി സർജൻ ഡോ. സുമീറ ഇബ്രാഹിമിനെയും, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിവിയ ലാൽജിയെയും ഉത്തരവാദികളായി നിശ്ചയിച്ചിട്ടുണ്ട്. 

  • Audit report 2022-23